മയക്കുന്ന മഞ്ജുഭാഷിണികൾ - 2

 X-onken - 2


പഴയ വീഞ്ഞും, ഒരായിരം കുപ്പിയും

ആകർഷകമായ, വ്യത്യസ്തമായ, വർണ ലേബലുകളുള്ള നിരന്നിരിക്കുന്ന ഒരായിരം കുപ്പികൾ നമ്മെ ഭ്രമിപ്പിക്കുന്നു. എങ്ങിനെ, എന്തിനെ തിരഞ്ഞെടുക്കും? (കുപ്പികളുടെ മുന്നിൽ ഒട്ടുമിക്ക ഹോബിയിസ്റ്റുകളും അല്പമൊന്നു പതറിപ്പോകാറുണ്ട്!) ഉള്ളിലുള്ള വീഞ്ഞ് ആ പഴയതു തന്നെ. ഇതാണിന്നത്തെ hi-fi speaker scene. വീഞ്ഞ് പഴകുന്തോറും ഗുണം കൂടുമെന്നു കേട്ടിട്ടുണ്ട്. സ്പീക്കറുകളുടെ കാര്യം എന്താണോ ആവോ …

നിങ്ങൾ ഒരു പാട്ടുകാരനോ, ഉപകരണ വാദകനോ അല്ലെങ്കിൽ പാട്ടു കേൾക്കണമെങ്കിൽ നിങ്ങളുടെ മുന്നിൽ മൂന്ന് വഴികളെ ഉള്ളു – ഒന്നുകിൽ നല്ലൊരു പാട്ടുകാരിയെ കൂട്ടുകാരിയായി കിട്ടണം; അല്ലെങ്കിൽ പോക്കറ്റ് കാലിയാക്കി നല്ല ഒരു … ക്ഷമിക്കണം, ഇത് സ്റ്റീരിയോയുടെ കാലമാണ്… നല്ല രണ്ടു “ഉച്ച ഭാഷിണികൾ” വാങ്ങണം; ഇതൊന്നും ഒത്തില്ലെങ്കിൽ കയ്യിലുള്ള ആയുധങ്ങളും എടുത്തു DIY ഗോദയിലേക്കു ചാടിയിറങ്ങണം – ഇത് അവസാനത്തെ പൂഴിക്കടകനാണ്.

പക്ഷെ എന്റെ DIY സുഹ്രുത്തുക്കൾക്ക് ഉറപ്പുള്ള ഒരു ഗ്യാരന്റി നല്കാൻ തീർച്ചയായും കഴിയും: നിങ്ങൾ കേട്ടിട്ടുള്ളതിൽ ഏറ്റവും മെച്ചമായ സ്പീക്കർ സ്വന്തം കയ്യാൽ മെനഞ്ഞ ആ മധുരഭാഷിണി തന്നെയായിരിക്കും – കാക്കയ്ക്ക് മാത്രമല്ലല്ലോ തൻ കുഞ്ഞു പൊൻ കുഞ്ഞു ! ഒരിക്കലെങ്കിലും DIY യുടെ മാധുര്യം നുകർന്നിട്ടുള്ളവരെല്ലാം എന്നോട് പൂർണ്ണമായും യോജിക്കുമെന്നും എനിക്കുറപ്പുണ്ട്.

( ഒരു രഹസ്യം കൂടി പങ്കു വയ്ക്കാം – ചെറുപ്പകാലത്തു ആദ്യമായി കാറു വാങ്ങിയപ്പോൾ, നല്ലൊരു car stereo ക്കു പണം തികയാതിരുന്ന ആ സമയത്തു ദീര്ഘയാത്രകളിൽ സംഗീതത്തിന്റെ കുറവ് നികത്തിയിരുന്നത് പാട്ടു സ്നേഹിയായ എന്റെ സഹധർമ്മിണിയായിരുന്നു – ഒരു കുഴപ്പമേ ഉണ്ടായിരുന്നുള്ളു, ഹിന്ദിപാട്ടിന്റെ അതിപ്രസരം, അതും R.D. Burman ൻ്റെ ചടുലമായ താളത്തിൽ ! അധികം താമസിയാതെ Pioneer ൻ്റെ ഒരു stereo player വാങ്ങി…പക്ഷെ Pioneer സ്പീക്കറിന് പണം തികഞ്ഞില്ല. വഴിയുണ്ട്. നാല് സ്പീക്കർ drivers വാങ്ങി – രണ്ട് 6 ഇഞ്ചും, രണ്ടു നാലിഞ്ചും. ചെറിയവയെ രണ്ടു കൊച്ചു പ്ലാസ്റ്റിക് പാത്രങ്ങളിൽ ഉറപ്പിച്ചു മുന്നിൽ പ്രതിഷ്ഠിച്ചു. എവിടുന്നോ സംഘടിപ്പിച്ച ഒരു കഷ്ണം MDF board ൽ വലിയ സ്‌പീക്കറുകൾ മുറുക്കി rear shelf ൽ ഇണക്കി വച്ചു. എത്ര മധുരം ആ സംഗീതാനുഭവം … യാത്രകൾ എന്ത് സംഗീതസാന്ദ്രം! ഇതാണ് DIY മാജിക് !! )

Jean Hiraga
(Courtesy: 6 Moons)
ചില DIY പശ്ചാത്തലങ്ങൾ

സ്പീക്കറുകളെക്കുറിച്ചും, വിശേഷിച്ചു audio യെക്കുറിച്ചു പൊതുവായും, ചിന്തിക്കുമ്പോൾ മനസ്സിൽ തെളിയുന്ന ഒരു പേരാണ് ആധുനിക hi-fi യുടെ കുലപതിയായ ഴാങ് ഹിരാഗയുടേത് (Jean Hiraga, 1943 – ). കൗതുകകരമായ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിൻ്റെത്. ഫ്രഞ്ചുകാരി മാതാവിന്റെയും, ജപ്പാന്കാരനായ പിതാവിന്റെയും മകനായ ഹിരാഗ വിദ്യാഭാസ ശേഷമാണ് ഫ്രാൻ‌സിൽ നിന്നും ജപ്പാനിലേക്ക് പോയത്. അത് അദ്ദേഹത്തിന്റെ ജീവിതം ആകെ മാറ്റി മറിച്ചു.

Post-war Japan ഒരു പുതിയ ഉണർവിലേക്കു കാലുകുത്തിയ സമയമായിരുന്നു അത്. Sony, Yamaha തുടങ്ങിയ പല കമ്പനികളും entertainment ലോകത്തു അവരുടെ മുദ്ര പതിപ്പിക്കാൻ തുടങ്ങിയിരുന്നു അക്കാലത്തു്. മാത്രവുമല്ല വിവിധ കമ്പനികളും, യൂണിവേഴ്സിറ്റികളും ഓഡിയോ സംബന്ധമായ നിരവധി ഗവേഷണങ്ങളിൽ വ്യാപൃതരും ആയിരുന്നു. ആധുനിക ആശയങ്ങൾ തിളച്ചു മറിയുന്ന ഈ സാഹചര്യത്തിലേക്കാണ് പ്രതിഭാധനനായ ഈ യുവാവ് ചെന്നിറങ്ങിയത്.
Jean Hiraga, Katsutaro Anzai at the
Tokyo Audio Fair, 1972
പല നവീന hi-fi ആശയങ്ങളും ഉൾക്കൊണ്ട ഹിരാഗ അക്കാലത്തെ ഹരമായ directly-heated triode (DHT) വാൽവ് ആമ്പുകളുടെയും, ഹോൺ സ്പീക്കറുകളുടെയും ആരാധകനായി മാറി. താമസിയാതെ ജപ്പാനിൽ വളരെ ജനസമ്മതി ആർജ്ജിച്ച ഇത്തരം ഡിസൈനുകളുടെ ഒരു specialist ആയി. 1960 കളുടെ അവസാനത്തോടെ പ്രസിദ്ധ ഫ്രഞ്ച് hi-fi മാസികയായ ‘Revue du Son’ ൽ സ്ഥിരമായി എഴുതാനും തുടങ്ങി. പാശ്ചാത്യ hi-fi സങ്കല്പങ്ങളെ രൂപപ്പെടുത്തിയവ ആയിരുന്നു ഈ ലേഖനങ്ങൾ.

ഹിരാഗയുടെ അസാധാരണ പ്രതിഭ തിരിച്ചറിഞ്ഞ ഫ്രാൻസ് അദ്ദേഹത്തെ “തിരിച്ചു പിടിച്ചു”. അങ്ങിനെയാണ് 1977 ൽ സ്ഥാപിതമായ ‘L’Audiophile മാസികയുടെ ചീഫ് എഡിറ്റർ ആയി അദ്ദേഹം സ്ഥാനമേൽക്കുന്നതു. തുടർന്നു hi-fi മേഖലയിലെ മുടിചൂടാമന്നനായി അദ്ദേഹം നടത്തിയ ജൈത്രയാത്രകളായിരുന്നു ഇന്ന് നമ്മൾ കാണുന്ന “high end audio” യുടെ അടിസ്ഥാനം ഉറപ്പിച്ചത്.

വളരെ പെട്ടന്ന് ഫ്രാൻസ് hi-fi ആശയങ്ങളുടെ കേന്ദ്രവും, ശബ്ദസൗന്ദര്യത്തിലെ അവസാനവാക്കുമായി. ഹിരാഗയുടെ ആശയങ്ങളും, ചിന്തകളും, സർവോപരി അദ്ദേഹത്തിന്റെ ഡിസൈനുകളും വിശ്വപ്രസിദ്ധമായി. കാലം കടന്നുപോയിട്ടും, സാങ്കേതികത വളരെ പുരോഗമിച്ചിട്ടും അദ്ദേഹത്തിന്റെ പല കാലാതീതമായ ആമ്പുകളും audiophiles നെ ഇന്നും രോമാഞ്ചം കൊള്ളിക്കുന്നു.

DIY മേന്മകളുടെ ജാപ്പനീസ് തിളക്കം

Horn speakers in a Jap home
ഹിരാഗ…ഹിരാഗ.. എന്ന് മന്ത്രിച്ചു നടക്കുമ്പോഴും audiophiles ഒട്ടും തന്നെ അറിയാത്ത ചില വസ്തുതകൾ ഇവിടെ എടുത്തു പറയേണ്ടതുണ്ട്. പാശ്ചാത്യ ലോകത്തു പൊതുവെ DIY “ദാരിദ്ര്യവാസികളുടെ തട്ടിക്കൂട്ട്” പദ്ധതികളായിട്ടാണ് ഇപ്പോഴും കരുതി വരുന്നത്. അതികായരായ Western Electric, RCA, JBL, University Speakers തുടങ്ങിയവർ cinema / entertainment മേഖലകൾ അടക്കിവാണിരുന്ന കാലത്തു അമേരിക്കയിൽ ഹോബിയിസ്റ്റുകൾക്കു വേണ്ടതൊന്നും ലഭ്യമല്ലായിരുന്നു. ഇംഗ്ലണ്ടിലെയും, യൂറോപ്പിലെയും സ്ഥിതിയും അത്ര വ്യത്യസ്തമല്ലായിരുന്നു. അവിടുന്നും ഇവിടുന്നും കിട്ടുന്ന “ലൊട്ടു-ലൊടുക്കുകൾ” കൊണ്ട് ഉൽസുകാരായ ഹോബിയിസ്റ്റുകൾ ചില പാട്ടുപെട്ടികളൊക്കെ നിർമ്മിച്ചിരുന്നു. അത്ര തന്നെ. DIY സാംഗത്യം ചെലവുചുരുക്കൽ മാത്രമാണെന്നായിരുന്നു പൊതുവെയുള്ള സങ്കൽപം. Quality ക്ക് വലിയ പ്രാധാന്യം കിട്ടിയിരുന്നില്ല.

എന്നാൽ “പയ്യനായ” ഹിരാഗ ചെന്നുചാടിയ ജപ്പാൻ അങ്ങനെയായിരുന്നില്ല തന്നെ. ഒട്ടുമിക്ക കമ്പനികളും അവരുടെ products ഹോബിയിസ്റ്റുകൾക്കു നല്കാൻ മടി കാണിച്ചിരുന്നില്ല. ഇതിന്റെ പ്രധാന കാരണം അക്കാലത്തെ Japanese DIY യുടെ കാഴ്ചപ്പാട് തന്നെ ആയിരുന്നു. പല ഗവേഷകരും, ഹോബിയിസ്റ്റുകളും സംഗീതാസ്വാദകർ ആയിരുന്നു. അപൂർവമായി വലിയ വിലയ്ക്ക് ലഭിക്കുന്ന “brand equipments”ൻ്റെ പോരായ്മകളിൽ മനം മടുത്ത അവർ അവയേക്കാൾ ഒരു പടി ഉയർന്ന നിലവാരമുള്ള ഉപകരണങ്ങൾ സ്വയം ഡിസൈൻ ചെയ്തു നിർമ്മിച്ചു.

ഈ DIY ഔന്നത്യം രാജ്യമാകെ പടർന്നു. Uncompromised quality നേടാനുള്ള ഏക വഴി DIY തന്നെയാണ് എന്ന മട്ടിലായി കാര്യങ്ങൾ. ഇതിനോട് ചേർത്ത് വായിക്കേണ്ട ചില പേരുകളാണ് ജാപ്പനീസ് hi-fi / DIY മേഖലയിലെ അതികായന്മാരായ Eijiro Koizumi, Tetsuo Nagaoka, Akihito Kaneta, Susumu Sakuma ഇത്യാദി മഹാന്മാരുടേതു.

Theatre sound നു ഉറച്ച ഒരു “bass signature” തൻ്റെ Onken ഡിസൈനുകളിലൂടെ നൽകിയ, അധികമാരും കേട്ടിട്ടില്ലാത്ത അണിയറ പ്രവർത്തകനായിരുന്നു Koizumi ‘സാൻ’. (‘സർ’ എന്ന രീതിയിൽ ബഹുമാനസൂചകമായ ജാപ്പനീസ് പ്രയോഗം.) Onken-ported സ്പീക്കറുകളുടെ ഘനഗംഭീരമായ ഇടിമുഴക്കം ലോകം മുഴുവൻ എത്തിച്ചത് പക്ഷെ ഹിരാഗയുടെ ലേഖനങ്ങളും, ഡിസൈനുകളുമാണ്.

Nagaoka സാൻ ആകട്ടെ സ്വന്തം കൈ കൊണ്ട് അറുനൂറിൽപരം സ്പീക്കർ ഡിസൈൻസ് അണിയിച്ചൊരുക്കിയ മഹാനും. DIY speaker builders ൻ്റെ കുലഗുരു. ഇന്നും ഹോബിയിസ്റ്റുകളുടെ ഹരമായ ജാപ്പനീസ് Fostex speaker drivers ആയിരുന്നു അദ്ദേഹത്തിനു പ്രിയങ്കരമായ “കളിപ്പാട്ടങ്ങൾ”.
Self-made Audio for the Music Fan
by 
Akihito Kaneta

Kaneta യുടെ വൈദഗ്ധ്യവും താല്പര്യവും ആമ്പ് ഡിസൈനിൽ ആയിരുന്നു. പത്തില്പരം ഒന്നിനൊന്നു മെച്ചമായ ആമ്പ് ഡിസൈൻസ് ഉൾപ്പെടുത്തിയ അദ്ദേഹത്തിന്റെ " Self-made Audio for the Music Fan " എന്ന ഗ്രന്ഥം DIY തല്പരരുടെ ഒരു വേദപുസ്തകം തന്നെയായിരുന്നു. യൂറോപ്പിലും, അമേരിക്കയിലും, എന്തിനു ഇങ്ങു ഇന്ത്യയിൽപ്പോലും അദ്ദേഹത്തിന്റെ ആരാധകരുണ്ടായിരുന്നു.

Chef, poet, amp builder എന്ന് പേരെടുത്ത Sakuma സാൻ ഒരു വിചിത്ര വ്യക്തിത്വം ആയിരുന്നു. ടോക്കിയോ നഗരപ്രാന്തത്തിലുള്ള തന്റെ Concorde Restaurant ൽ ദിനങ്ങളോളം നീണ്ട ധ്യാനത്തിനൊടുക്കം, amp circuit പൂർണ്ണമായും മനസ്സിൽ കണ്ട ശേഷം, 
Susumu Sakuma
and his famous amps
Sakuma San in his last years
റെസ്റ്ററന്റിലെ ഒരു ചെറുമേശയിലിരുന്ന് ലളിതമായ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ചു, ആദ്യവസാനം എല്ലാ സ്റ്റേജുകളും transformer coupled ആയ DHT ആമ്പുകൾ നിർമ്മിച്ചിരുന്ന ഒരു ദിവ്യനായിരുന്നു അദ്ദേഹം.

ഇങ്ങനെ എത്രയെത്ര മഹാനുഭാവന്മാരാണ് ജാപ്പനീസ് DIY മേന്മകളെ അത്യുന്നതങ്ങളിൽ പ്രതിഷ്ഠിച്ചത്. ഇതൊക്കെ ഏതാണ്ടതേ പടി തന്നെ പാശ്ചാത്യലോകത്തിനു പകർന്നു നൽകിയത് ഹിരാഗ തന്നെയായിരുന്നു.

Sakuma San's fully transformer
coupled mono tube amplifier
ഹിരാഗയുടെ ഇടപെടലിലൂടെ പാശ്ചാത്യലോകത്തിനു ലഭിച്ചതും ഇതിന്റെ ഗുണങ്ങളാണ്. ഇന്ന് DIY മേഖല അതിനൂതനമായ ആശയങ്ങളിട്ടു അമ്മാനമാടുന്ന പ്രതിഭാധനന്മാരായ ഹോബിയിസ്റ്റുകളുടെയും, ഗുണമേന്മയിലും പ്രവർത്തനത്തിലും commercial products നെ വെല്ലുന്ന അവരുടെ നിർമ്മിതികളുടെയും കാലമാണ്.  ചെലവ് ചുരുക്കി “മൂല വെട്ടി” (‘corner cutting’) ലാഭമടിക്കാൻ നോക്കുന്ന commercial designs നെ കടത്തിവെട്ടുന്നവയാണ് ഇന്നത്തെ പല DIY ഉദ്യമങ്ങളും എന്ന് നിസ്സംശയം പറയാം. Japanese ethos നോടും, ഗുരുക്കന്മാരോടും, ഹിരാഗ എന്ന ഗുരുതുല്യനോടും ഉള്ള നമ്മുടെ കടപ്പാട് നിസ്സീമമാണ്.

ഭക്ത്യാദരങ്ങളോടെ മാത്രം കാണേണ്ട, നമുക്കു മുൻപേ നടന്ന ഈ മഹാന്മാരുടെ കാലടിപ്പാടുകൾ പിന്തുടരാൻ എളിയ രീതിയിൽ നമുക്കും ശ്രമിക്കാം.

അഭിപ്രായങ്ങൾ സദയം അറിയിക്കുക.
തുടർന്ന് വായിക്കുമല്ലോ.
നന്ദി
= = = = = = = = = = = =

Comments

Subscribe

Popular posts from this blog

മയക്കുന്ന മഞ്ജുഭാഷിണികൾ - 1

മയക്കുന്ന മഞ്ജുഭാഷിണികൾ - 8

മയക്കുന്ന മഞ്ജുഭാഷിണികൾ - 6