മയക്കുന്ന മഞ്ജുഭാഷിണികൾ - 1

X-onken - 1 

മനം മയക്കുന്ന മഞ്ജു ഭാഷിണികളുടെ മാസ്മരികതയിൽ വീഴാത്തതായി ഈ ഭൂമുഖത്തു ഒരു audiophile ഉണ്ടാവുമോ ?


കാതുകളെ ഭ്രമിപ്പിക്കുന്ന, അവാച്യമായ അനുഭൂതികളുടെ ത്രിശങ്കുവിലേക്കു (ഇതൊരു രണ്ടും കെട്ട സ്ഥലമാണ് എന്ന് വിചാരിക്കുന്ന മാന്യവർ മാറ്റി ചിന്തിക്കേണ്ട സമയമായി…സ്വർഗ്ഗത്തേക്കാൾ “അടിപൊളിയായ” ഒരിടമാണ് ത്രിശങ്കു സ്വർഗ്ഗം, കേട്ടോ?) നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ഈ മധുരഭാഷിണികളെ എങ്ങനെ ആണ് പ്രണയിക്കാതിരിക്കുക?? പക്ഷെ “ഉച്ചഭാഷിണി” എന്ന മൂരാച്ചി പ്രയോഗം കേട്ടാൽ മാത്രം മതി Dictionary എന്ന ആ വിരസ ഗ്രന്ഥമെടുത്തു കിണറ്റിലിടാൻ തോന്നാൻ …

തുടക്കം, ഒടുക്കം

ഓഡിയോ ശൃംഖലയിലെ അവസാനത്തെ കണ്ണി …പാവം സ്പീക്കർ. Last maybe, but certainly not the least എന്നത് പരമാർത്ഥം. സ്പീക്കറുകളുടെ ചരിത്രമൊന്നു പരിശോധിച്ചാലോ?
Rice & Kellogg with their 'baby',
the first electro-dynamic loudspeaker


Electrostatic, piezo തുടങ്ങിയ സ്പീക്കറുകളെ (Magnepan പോലുള്ള flat panel electro-dynamic speakers നെ മറന്നിട്ടില്ല!) ഒഴിവാക്കിയാൽ, ഈ ഭൂലോകം കിടുക്കുന്ന സകലമാന സ്പീക്കറുകളും അമേരിക്കയിലെ General Electric ൽ ഗവേഷകരായിരുന്ന Chester W. Rice ഉം, Edward W. Kellogg ഉം ചേർന്ന് 1925 ൽ കണ്ടുപിടിച്ചതിൽ നിന്നു പ്രായോഗികമായി ഒട്ടും മാറിയിട്ടില്ല / പുരോഗമിച്ചിട്ടില്ല എന്ന ദുഃഖ സത്യം അങ്ങനെ തന്നെ നിൽക്കുന്നു. (അമേരിക്കയിലെ തന്നെ പ്രശസ്തമായ Bell Labs ഗവേഷകനായ Edward Wente ഇതേ രീതിയിലുള്ള ഒരു സ്പീക്കറിൻ്റെ സ്വതന്ത്രമായ കണ്ടു പിടുത്തവും patent ചെയ്തിട്ടുണ്ട്.)



The Rice-Kellogg speaker,
about 24 inches in diameter
ഒരു നൂറ്റാണ്ടിനു ശേഷത്തെ സ്ഥിതിയോ ? പഴഞ്ചൻ സ്പീക്കർ മാഗ്നെറ്റുകൾ Alinico, ferrite എന്നീ വകഭേദങ്ങളിലൂടെ ഇന്ന് Neodymium ത്തിൽ എത്തി നിൽക്കുന്നു. അതിപുരാതനമായ field coils ലക്ഷങ്ങൾ വിലമതിക്കുന്ന “അത്യന്താധുനിക” drivers നെയാണ് ഇന്ന് അലങ്കരിക്കുന്നത്. Papyrus, bamboo paper ഇവയിൽ തുടങ്ങി synthetic and metallic films ലൂടെ സഞ്ചരിച്ചു, ഇന്ന് വീണ്ടും papyrus, bamboo paper തുടങ്ങിയവയിലേക്കു മടങ്ങിയതാണ് cone ൻ്റെ നീണ്ട ചരിത്രം. സത്യം പറയാമല്ലോ, ആ പഴയ Rice-Kellog സ്പീക്കറും ഒരു ആധുനിക സ്പീക്കറും അടുത്തടുത്ത് വച്ചാൽ “ഒരേ പിതാവ്, അതേ പുത്രൻ” എന്ന നിലയിലായിരിക്കും – അടിസ്ഥാനപരമായി വലിയ “വിപ്ലവകരമായ” മാറ്റങ്ങൾ ഒന്നും ഇന്നേ വരെ ഉണ്ടായതായി കണ്ടിട്ടില്ല, except incremental qualitative improvements in materials and implementation.

സ്പീക്കറുകളെ സംബന്ധിച്ച ഒട്ടു മിക്ക പഠനങ്ങളും, ഗവേഷണങ്ങളും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ നടന്നിരുന്നു എന്നതാണ് വാസ്തവം. അക്കാലത്തെ ആചാര്യന്മാരുടെ ഗ്രന്ഥങ്ങൾ തന്നെ അതിനു സാക്ഷി. ഇക്കാലത്തു അതിനൂതനമെന്ന് പറഞ്ഞു കൊട്ടി ഘോഷിച്ചു എഴുന്നള്ളിക്കുന്ന പല ഡിസൈനുകളുടെയും, (ഉദാ: Olson-Nagaoka തുടങ്ങിയ back horn speakers) യഥാർത്ഥ പിതാക്കളെ അന്വേഷിച്ചു ചെല്ലുമ്പോൾ ഈ സത്യങ്ങൾ നമുക്ക് വെളിവാകും. എന്നാൽ ഡിജിറ്റൽ സാങ്കേതികതയുടെ വരവോടെ speaker design and analysis വളരെ വളരെ പുരോഗമിച്ചിരിക്കുന്നു. ഇന്നു സാധാരണ ഹോബിയിസ്റ്റുകൾക്കു പോലും എളുപ്പം പ്രയോഗത്തിൽ വരുത്താവുന്ന അതിനൂതനമായ ഡിജിറ്റൽ സങ്കേതങ്ങൾ പ്രാപ്യമാണ്.

സംഗീതത്തെ സ്നേഹിക്കുന്ന ഒരു ഹോബിയിസ്റ്റിന്റെ പ്രഥമ പ്രേയസി “എല്ലാം തികഞ്ഞ” ഒരു (loud)speaker തന്നെയായിരിക്കണം. അതാണതിന്റെ ഒരു “ഇത്”! ജീവിതത്തിലെ മറ്റു അവസരങ്ങളിലേതു പോലെ തന്നെ ഈ തിരഞ്ഞെടുപ്പും അത്ര എളപ്പമല്ല. “പത്തു പുത്തൻ” കയ്യിലുണ്ടെങ്കിൽ നമ്മുടെ ‘spec’ ആശകൾ തൃപ്തിപ്പെടുത്തുന്ന ഒന്നിനെ സ്വന്തമാക്കാം എന്നാണ് ഒട്ടു മിക്കവരും കരുതുന്നത്. പക്ഷെ അതിനു അല്പം (കൂടുതൽ) ഭാഗ്യവും, “level-headed” ആയിട്ടുള്ള പല കടുത്ത തീരുമാനങ്ങളും വേണ്ടി വരുമെന്നാണ് പരിചയസമ്പന്നർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടു പൊതുവായി ചില കാര്യങ്ങൾ ഓർമ്മിച്ചിരിക്കുന്നതു നന്നായിരിക്കും.

ശബ്ദം, സത്യം, പ്രായോഗികത

ആമ്പുകളുടെ തിരഞ്ഞെടുപ്പിൽ നമ്മെ സഹായിക്കുന്ന ഒട്ടു വളരെ അടിസ്ഥാന കാര്യങ്ങൾ നമ്മൾ നേരത്തെ ചർച്ച ചെയ്തു കഴിഞ്ഞു.
(https://audio-musings.blogspot.com/2024/06/fidelity-1.html ) അതിനിടയിൽ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞ ഒരു കാര്യമുണ്ട് – ഓഡിയോ ശൃംഖലയിലെ ഏറ്റവും ദുർബലമായ ഒരു കണ്ണിയാണ് അതിന്റെ അവസാനമായി വരുന്ന സ്പീക്കർ. അതീവശ്രദ്ധയോടെ “ആമ്പിന്റെ 0.005 % distortion” ഒക്കെ കാക ദൃഷ്ടിയോടെ നോക്കി തിരഞ്ഞെടുക്കുന്ന നമ്മളെ ഞെട്ടിക്കുന്നതാണ് നാലും, അഞ്ചും, എന്തിനു 10 ശതമാനം വരെ ഉയരുന്ന സ്പീക്കറുകളുടെ distortion figures.

Linearity, Harmonic distortion, Intermodulation distortion ഇവയൊക്കെ ഇക്കാലത്തു ആമ്പുകൾക്കു വളരെ കുറവാണു. എന്നാൽ സ്പീക്കറുകളുടെ സങ്കീർണ്ണമായ electro-mechanical സംവിധാനങ്ങളുടെ പ്രായോഗിക പോരായ്മകൾ മേൽ പറഞ്ഞ കുറവുകളൊക്കെ വലിയ അളവിൽ സ്പീക്കറുകളിൽ വരുത്തുന്നുണ്ട്. Cone, surround, spider, എന്തിനു voice coil gap ലെ magnetic field ൻ്റെ വരെ non-linearity, ധാരാളം harmonic distortion സംഭാവന ചെയ്യുന്നുണ്ട്. അതു പോലെ തന്നെ, വലിയ ഒരു cone ഒരേ സമയം LF ഉം, HF ഉം reproduce ചെയ്യുമ്പോൾ ഉണ്ടാവുന്ന intermodulation കുനഷ്ടുകൾ മറ്റൊരു വശത്തു. Cone size, cabinet size and geometry ഇവയിൽ അധിഷ്ഠിതമായ frequency dependent ആയിട്ടുള്ള diffraction and other imaging errors ഇവയൊക്കെ ഒരു സ്പീക്കറിന്റെ പ്രവർത്തനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. ഫലമോ? വളരെ ചെറിയ കാര്യങ്ങൾ പോലും സാമാന്യം fidelity ഉള്ള reproduction അതീവ ദുർഘടം ആക്കുന്നു – മുറിയിൽ സ്പീക്കർ വച്ചിരിക്കുന്ന സ്ഥലം ഒരിഞ്ചു മാറിയാൽ മതി, ശബ്ദത്തിന്റെ കോലം മാറാൻ!

Fidelity എന്നത് കൊണ്ടുദ്ദേശിക്കുന്ന യഥാതഥമായ reproduction ൻ്റെ ഒരു കാതലായ അംശമാണ് stereophonic imaging അഥവാ 3-D imaging. Flat frequency response, minimum distortions ഇവയോടൊപ്പം നല്ല stable imaging കൂടി ചേർന്ന് നിന്നാലേ ആസ്വാദ്യകരമായ ഒരനുഭൂതി ഉളവാകൂ. Live music അനുഭവങ്ങൾ ധാരാളമുള്ള audiophiles ഒട്ടുമുക്കാലും imaging accuracy ആണ് സർവ്വപ്രധാനം എന്ന് കരുതുന്നതായി കാണാം.

ഒരു പച്ചപ്പരമാര്ഥം നമ്മുടെ മുന്നിലുണ്ട് – ആമ്പൊക്കെ എത്ര കൊടി കെട്ടിയതായാലും, കാതുകൾക്ക് fidelity എന്നത് അനുഭവവേദ്യമാവണമെങ്കിൽ സ്പീക്കർ നന്നാവണം. ആമ്പിൽ നിന്ന് വരുന്ന signals നെ “സത്യസന്ധമായി” (*) നമ്മുടെ കാതുകളിലേക്കു എത്തിക്കുക എന്ന ദൗത്യമാണ് സ്പീക്കറുകളുടേതു എന്നറിയാമല്ലോ. പക്ഷെ അതത്ര എളുപ്പമുള്ള ഒരു സംഗതിയല്ല എന്നതാണ് വാസ്തവം.

അതൊക്കെ അവിടെ നിൽക്കട്ടെ. ഈ സാങ്കേതിക വിശകലനങ്ങളിലേക്കു കൂടുതൽ കടന്നാൽ നമ്മുടെ നില പഴയ മർമാണിയുടേതിന് തുല്യമാകും. പ്രേയസിയുമൊത്തു സ്വസ്ഥമായി ഒന്ന് സല്ലപിക്കാൻ ചേർന്നിരിക്കുമ്പോൾ നോക്കുന്ന സകലയിടത്തും അതാ കിടക്കുന്നു മർമ്മങ്ങൾ –എവിടെ തൊടും, എവിടെ പിടിക്കും ?? ഹോബിയിസ്റ്റുകൾ എന്ന നിലക്ക് നമ്മുടെ പൂച്ച കറുത്തതായാലും. വെളുത്തതായാലും, അല്ല ഇനി ഇരുനിറമായാലും, അഥവാ പുള്ളിയുണ്ടെങ്കിലും കുഴപ്പമില്ല …”മറ്റേക്കാര്യം” ഭംഗിയായി നിർവഹിച്ചാൽ മതി!

അതാണ് പ്രായോഗികതയുടെ രീതിശാസ്ത്രം. പ്രയോഗികതയെ നെഞ്ചോട് ചേർക്കുന്നവരാണ് DIY ഹോബിയിസ്റ്റുകൾ. ലളിതമായ സ്പീക്കർ ഡിസൈനുകൾ പരിചയപ്പെടാനും, കുറച്ചൊക്കെ “കൈ ക്രിയ” ചെയ്യാനുമൊക്കെ ഉതകുന്ന ഒരു DIY പരിപാടി തുടങ്ങിയാലോ?

അല്പം ചില വിട്ടുവീഴ്ചകൾക്ക് (compromises) തയ്യാറായാൽ സാമാന്യം നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന ഒരു ചെറു സ്പീക്കർ നിർമ്മിച്ച് നോക്കാവുന്നതേ ഉള്ളു. അതി സാഹസികതയും, തടിപ്പണി പരിചയവും ഒന്നും വേണ്ട. കയ്യിലുള്ള ഏതാനും hand tools (നല്ല മലപ്പുറം കത്തി അടക്കം!) മാത്രം മതിയാവും. കൂട്ടിനു കുറച്ചു ക്ഷമയും സമയവും. ചിലവും അധികം വരില്ല തന്നെ.

ഒന്ന് പരീക്ഷിച്ചു നോക്കിയാലോ? തയ്യാറാണെങ്കിൽ പറയൂ. അരയും തലയും മുറുക്കൂ, നമുക്കൊത്തു “അരക്കൈ” നോക്കിയാലോ...

നന്ദി.
= = = = = = = = = = = =
(*)
മുൻകാല electronics textbook കളിൽ class-A ആമ്പുകളെക്കുറിച്ചു പരാമർശിക്കുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വാക്കായിരുന്നു “faithful amplification” – വിശ്വാസയോഗ്യമായ, സത്യസന്ധമായ amplification. അതിന്റെ സാംഗത്യം ഇന്നും മാഞ്ഞു പോയിട്ടില്ല തന്നെ.

Comments

Subscribe

Popular posts from this blog

മയക്കുന്ന മഞ്ജുഭാഷിണികൾ - 8

മയക്കുന്ന മഞ്ജുഭാഷിണികൾ - 6